Sunday, 17 August 2014

പനിനീര്പ്പൂവ്
***********
നേരം വൈകിയിട്ടും
മടി പിടിച്ച് കിടന്ന
പകലിനെ സൂര്യന്
ഇക്കിളിയിട്ടൊരു തണുത്ത
ഉഷസ്സിലാണത്രേ
കെട്ടിയ വേലി തകര്ത്ത് 
മുന്നേറിയ നാട്ടുമുല്ല തന്
മാദക ഗന്ധത്തിന്
സാക്ഷിയായി
ആ ചുവന്ന് തുടുത്ത
പനിനീര്പ്പൂവ്
പിറന്നത്
ആരോ പൊക്കിള്ക്കൊടി
അറുത്തപ്പോള്
ഒരുപാട് നൊന്തുവെന്നലും
സ്വാതന്ത്യം കിട്ടിയ
ആവേശത്തില്
നോവലിഞ്ഞു പോയി
തന്നെ കൈക്കലാക്കിയ
ചെറുക്കന്റെ
ചുംബനങ്ങളില്
കോരിത്തരിച്ചു
നാണിച്ചു നില്പ്പാണത്
കോളേജിന്റെ കവാടം
കടന്നപ്പോളവിടെ
ആ ഉദ്യാനത്തില്
തടവില് കിടന്ന
വിവിധ വര്ണപ്പൂക്കളെ
കണ്ണിറുക്കിക്കാട്ടി
നടപ്പാണു പാവം
ചെറുക്കനേതോ
സുന്ദരിയുടെ കൈകളിലേക്ക്
തന്നെ നീട്ടിയപ്പോള്
അതൊരു പുതിയ
അനുഭവം തന്നെയായിയതിന്
തണല്പന്തലിട്ട
മരങ്ങളും
വിടര്ന്ന പൂക്കളും
തേനൊഴുക്കിയ
പുഴകളും
ആരെയോ ഒളിഞ്ഞു നോക്കിയ
നിഴലുകളും
തളര്ന്നു തുടങ്ങിയ
സന്ധ്യാനേരത്ത്
ഇതളുകള് നഷ്ടപ്പെട്ട്
മരണം കാത്ത്
കിടപ്പിലാണാ
ചുവന്ന പനിനീര്പൂവ്

ഇന്നും മുറ്റത്ത്
വിരിഞ്ഞിട്ടുണ്ടൊരു
ചുവന്ന പനിനീര്പൂവ്
ജീവിച്ച് കൊതി തീരും മുമ്പ്
ഇതളുകളടര്ന്ന്
മരണത്തിലേക്ക്
രക്ഷപ്പെടാന്...

(സൈഫു ടി എം)

No comments:

Post a Comment