Sunday, 17 August 2014

ആ ചെറുപുഷ്പങ്ങളുടെ 
വശ്യമായ മേനി
നിന്നെ ഭ്രാന്തനാക്കുന്നുവൊ...?
നീ നിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുക...
മുല്ലപ്പൂ തോല്ക്കുമ-
വയുടെ ഗന്ധം
നിന്റെ ശരീരത്തെ 
കീഴ്പ്പെടുത്തുന്നെന്കില്
നിന്റെ മൂക്കു നീ ചെത്തുക
ആ കുഞ്ഞു പൂക്കളൊട് 
നിനക്ക് കാമാര്ത്തിയൊ...?
നിന്റെ ലിംഗം ഛേദിച്ച്
നീ അക്ഷരങ്ങളെ
ഭോഗിക്കുക....
ഓര്മകളുടെ തടവറയില് എന്നെ തടവിലാക്കി കടന്നു പോയ മുഴുവന് കൂട്ടുകാരെയും അറിയാതെ ഓര്ത്തു പോയി... എന്റെ ജീവിതകഥയില് അവരവരുടെ റോളുകള് ഭംഗിയായി അവതരിപ്പിച്ച എന്റെ കൂട്ടുകാരികള്... കാമുകിമാര്.... എന്തിനും കൂടെയുണ്ടായിരുന്ന ധിക്കാരികളായ കൂട്ടുകാര്... പിന്നെ ഇപ്പോഴും എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന കേരള വര്മയിലെ കൂട്ടുകാര്... നാട്ടിലെ ചെങ്ങാതിമാര്.... സഹപ്രവര്ത്തകര്.,.. എന്റെ ഉമ്മ, ഉപ്പ, അനുജന്മാര്, എന്റെ കുഞ്ഞു പെങള്... ശരീഫ്ക്ക... പറയാന് വിട്ടുപോയവര്... എല്ലാവര്ക്കും നന്ദി... 
എന്നെ കൊന്നവരോട്
**********
അക്ഷരങ്ങളുടെ പിണക്കം മാറ്റാന്
ഞാനിന്നുമൊരു കവിതയെഴുതി..
പിണക്കം മാറിയ അക്ഷരങ്ങളെ-
നിക്കായിരം ചുംബനങ്ങള് തന്നു
കവിത വായിച്ചെന്നെ ഭ്രാന്തനെന്ന്
മുദ്ര കുത്തിയത് മനുഷ്യര് മാത്രം... 
ദേ... എന്റെ കവിതയിങ്ങനെ
കുന്നുകളിടിച്ചു നിരത്തുന്നവര്
സ്വന്തമമ്മയുടെ മാറിടങ്ങള്
അറുത്ത് വിറ്റ് കാശാക്കുമോ...?
കവിത വെളിച്ചം കണ്ടതോടെ
ഒരു തണല് കിട്ടിയെനിക്ക്
ബ്രാന്താലയത്തിന്റെ ഒരിരുണ്ട മൂലയില്
നഷ്ട പ്രണയം പേറുന്ന
നിഴലുകളെ ഒളിഞ്ഞ് നോക്കുന്ന
ആ ജനല്പാളി തടവറയിലും
എന്റെ കാമുകിയായി..
ഞങ്ങള്ക്ക് അക്ശ്രങ്ങളുടെ
മുഖച്ഛായില് ഒരു കുഞു ജനിചു..
ജനിച്ചയുടനെയവന് പാടി
ചോരു തന്നമ്മ തന്
തണുപ്പേറിയ കൈകള്
നിനക്ക് വേണ്ടി മാത്രം
മുള്പരപ്പില് നടന്ന നിന്റമ്മ തന്
വാതം പിടിച്ച് കാലുകള്
വെട്ടിയെടുത്ത നിന്റെ കൈകള്ക്ക്
മരങ്ങളെ... കാടുകളെ
വെട്ടി നശിപ്പിക്കാനെന്ത് മടി?
ദേ.. എന്റെ വിധി വന്നു..
ദയാവധമൊരിക്കലും
രക്ഷപ്പെടാത്തെനിക്ക്
റിയല് എസ്റ്റേറ്റ് മാഫിയകളുടെ
സ്നേഹ സമ്മാനം...
മരണവേദിയുടെ തിരശ്ശെലക്കപ്പുറം
ഞാനിരുന്ന് പാടുകയാ-
ണെന്റെ ഊഴം വരുമ്പോള് പാടേണ്ട പറയേണ്ട കവിത
അമ്മിഞ്ഞപ്പാലില് വിഷം
കലക്കിയ കാപാലികരോട്
പൂക്കളെ.. പൂമ്പാട്ടകളെ
ഭൂമിയുടെ കുഞ്ഞ് മക്കളെ
നുള്ളി നോവിച്ചവരോട്...
നിങ്ങള്ക്ക് മാപ്പില്ല...
വിണ്ണില് പരന്ന 
ചുവന്ന ചയം
പാതി മിഴി തുറന്ന ആദിത്യന്
പകലുണര്ന്നിട്ടും താന്
പോകില്ലെന്ന മട്ടില് 
തലയനക്കി ഒരൊറ്റ നക്ഷത്രം
രാവിനെ ഉറക്കാന്
നീട്ടിപ്പാടിയ പൂവന്
ചിലക്കുന്ന മുളംകിളികള്
കണ്ഠമിടറി പാടു പാടിയ
കള്ളക്കുയില്....
ഉണര്ചയറിയിക്കാനെന്ന വണ്ണം
ശിരസ്സനക്കി കൈകാലുകളനക്കി
പച്ച മരങ്ങള്

സുപ്രഭാതം... ശുഭദിനം
പകല് മാന്യന്
************
നിലാവ് കണ്ണടച്ച ആ കറുത്ത രാവില് തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തില് അവളാ മുഖം കണ്ടു. അതെ, പകലില് തന്റെ പിച്ചചട്ടിയില് നാണയത്തുട്ടുകളിട്ട് തന്ന ആ മാന്യന് തന്നെ, വെളിച്ചത്ത് ഇന്നോവയില് വന്നയാള് പാത്തും പതുങ്ങിയുമാണിപ്പോള് വന്നിരിക്കുന്നത്. തന്റെ ശരീരത്തിന്റെ വിലയാണ് ആ നാണയത്തുട്ടുകളെന്ന് മനസ്സിലായപ്പോള് അവള് കണ്ണടച് തളര്ന്നു കിടന്നു, അപ്പുറത്ത് കീറച്ചാക്ക് പുതച്ച് കിടക്കുന്നത് പതിനാറ് തികഞ്ഞ തന്റെ മകളാണെന്ന് അയാള് മനസ്സിലാക്കരുതേ എന്ന പ്രാര്ത്ഥനയോടെ....
ആത്മഹത്യ
*************
അഴിമതി തുടച്ച് നീക്കുമെന്ന് പറഞ്ഞ് വോട്ട് നേടി വിജയിച്ച എതോ എം.പി വാഗ്ദാനം പാലിക്കാന് വേണ്ടി ആത്മഹത്യ ചെയ്തു....
അസൂയ
**************
ഉഷ്ണക്കാറ്റേറ്റ് തളര്ന്ന
മുറ്റത്തെ
ചെറുപ്പൂച്ചെടികള്
ദൂരെ മാറി നിന്ന
മുത്തശ്ശി മാവിലെ 
മാമ്പൂ കണ്ട് 
ശലഭത്തിന്റെ കാതില്
വേവലാതി ചൊല്ലി...

മഴയെ കാത്തുനിന്നവരെ
സൂര്യനിത് മീനമാസമണെന്ന്
ഓര്മിപ്പിച്ചു തെല്ലഹന്കാരത്തോടെ...
മാറ്റം
******************
പണ്ട്
വിയര്പ്പുതുള്ളികള് 
പൊടിഞ്ഞ വയലുകള്
പച്ചപ്പട്ടണിഞ്ഞ
പൊന്ന് വിളഞ്ഞ 
വിശുദ്ധ ഭൂമി പോല്
കണ്ണും വയറും 
നിറച്ച വിപ്ലവം

ഇന്ന്
കാലം ചുവപ്പിച്ച
വിപ്ലവം
രക്തദാനി തന്
ചോര കൊണ്ടല്ല
കച്ചവടക്കൊതിയുള്ള
മനുജന്റെ ചോരക്കണ്ണു പോല്
പച്ച വയലുകളില്
ചെമ്മണ്ണ് വീഴ്ത്തി
വയലിനെ കൊന്ന മാറ്റം
ഇണ പിരിയാത്ത മരണം
******************
അച്ചന് കൊണ്ട് വന്ന മിഠായിപ്പൊതി ഇപ്പൊ ഈ രാട്ൃ തുറക്കേണ്ടെന്ന അമ്മയുടെ വിലക്ക് അവര് എന്തോ അന്നു അംഗീകരിച്ചു. വയറ് നിറച്ച് ചോറുണ്ട് ഒരുമിച്ചൊരു പായയില് പതിവ്പോലെ കിടന്നു ചേട്ടനും അനിയനും. ഉറക്കം മിഴികളെ തലോടിയ നേരത്ത് അനിയന്റെ കയ്യില് ഒരു നുള്ളല്. ന്നെ പിച്ചല്ലെടാ ചേട്ടാ... ചിണുങ്ങിയ അനിയനോട് ഞാന് പിച്ചീട്ടില്ല, ന്നെ ഇയ്യ് പിച്ചല്ലെ എന്നായിരുന്നു ചേട്ടന്റെ മറുമൊഴി. ചോദ്യങ്ങളും ഉത്തരങ്ങളും മെല്ലെ ഉറക്കത്തിലേക്ക്, ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴി മാറിയപ്പോള് ഇഴഞ്നിഴഞ്ഞ് നീങ്ങിയിരുന്നു കാലന്... പ്രഭാതം കൂട്ടക്കരച്ചിലിന് സാക്ഷിയായപ്പോഴും അമ്മ അലമാരയിലൊളിപ്പിച്ച മിഠായിപ്പൊതിയെ ഓര്ത്തു... 

(സൈഫു ടി എം)
(ഇത് കഥയല്ല)
കണ്ണ് മാത്രം പോരാ
**************
ചിലത് കാണാന്
കണ്ണ് പോരാ
കണ്ണ് മാത്രം പോരാ
വറ്റി വരണ്ട പുഴ
നമ്മളില് കാഴ്ചയായി
കുടിനീരിനു മുട്ട് വന്നപ്പോ
മാത്രം
വിശന്ന വയറിന്
ശമനമേകാന്
നീട്ടിയ കൈകളെ കണ്ടത്
പട്ടിണി കിടന്ന നേരത്ത്
പിച്ചിച്ചീന്തിയ കിടാത്തി തന്
മുഖത്ത് സ്വന്തമമ്മയെ
മകളെ പെങ്ങളെ
നമ്മള് കണ്ടില്ല
കണ്ണുകളൊളിഞ്ഞ്
നോക്കിയത് പക്ഷേ
അവളുടെ മാംസങ്ങളെ
കാടുകള് മേടുകള്
തോടുകളൊന്നും നശിച്ചത്
നമ്മള് നശിപ്പിച്ചത്
കണ്ടില്ല കാണില്ല നമ്മള്

ചിലത് കാണാണ്
കണ്ണ് പോരാ
കണ്ണ് മാത്രം പോരാ

(സൈഫു ടി എം)
നിഴല്
**********
നടന്നും ഇരുന്നും
ഞാനീ ഇടവഴി താണ്ടവേ
കൂട്ടായുണ്ട് നീ
ഞാനേറ്റിയ മാറാപ്പ് പോല്
ഒന്നു നിന്റെ ശിരസ്സിലും 
കാണുന്നു ഞാന്
കറുത്തവനെ
വെളുത്തവനെയെന്നില്ല
എല്ലാവര്ക്കുമിരുട്ടിന്റെ
കറുത്ത നിറം നല്കി
തുല്യരാക്കി നീ
മനുഷ്യന്റെ കൊടും
ചെയ്തികള്ക്ക് മൂകനായ്
സാക്ഷി നില്പ്പൂ നീ
വളര്ന്ന് തളര്ന്ന്
വളര്ന്ന് മരിക്കുമീ
നിന്റെ കള്ളകളി
അറിഞ്ഞില്ല ഞാനിതു വരെ
ആദിത്യനൊന്ന് മിഴിയടച്ചാല് പിന്നെ
എവിടെപ്പോയൊളിക്കുന്നു നീ
കറുത്തിരുണ്ട നിനക്ക്
ഇരുട്ടിനോട് വെറുപ്പോ....
മനുഷ്യത്വം
******************
വാല്സല്യത്തിന്റെ പാല്-
മണമുള്ള പെറ്റമ്മ തന്
മാറിടങ്ങളവനില്
മങ്ങിയ ഓര്മ മാത്രം
വയസ്സറിയിച്ച പെങ്ങള്
തന്നിലൊരു തണല് തേടിയ
നോട്ടമെറിഞ്ഞത് കണ്ടു
ഇല്ല കണ്ടില്ലവന്
പഠനത്തിന്റെ
ഒഴിവു വേളകള് ധന്യമാക്കിയ
കൂട്ടുകാരിമാരിരുന്ന
മരത്തണലിന്ന് ശൂന്യം
എല്ലാം സഹിക്കാന്
കൂടെയിറങ്ങി വന്ന കാമുകി
താന് പയറ്റിതെളിഞ്ഞ
കാമസൂത്രമവള്ക്ക്
പഠിപ്പിച്ചു കൊടുത്തതിന്
ഫലമായ് പിറന്ന
തന്റെ കുഞ്ഞു കാന്താരി
മറവികള് ഓര്മകളെ
കീഴടക്കിയ നേരത്ത്
ദാഹം തീരാത്ത
അവനൊരു
കുഞ്ഞുപൂവിനെ നുള്ളികളഞ്ഞ്
തന്നിലെ മനുഷ്യനെ
കൊന്നിരിക്കുന്നു
ഇളം ചോര തളം കെട്ടിയ
ഇടനാഴിയില് മനുഷ്യത്വം
മരിച്ച് കിടപ്പുണ്ടിന്നും..

(സൈഫു ടി എം)
പനിനീര്പ്പൂവ്
***********
നേരം വൈകിയിട്ടും
മടി പിടിച്ച് കിടന്ന
പകലിനെ സൂര്യന്
ഇക്കിളിയിട്ടൊരു തണുത്ത
ഉഷസ്സിലാണത്രേ
കെട്ടിയ വേലി തകര്ത്ത് 
മുന്നേറിയ നാട്ടുമുല്ല തന്
മാദക ഗന്ധത്തിന്
സാക്ഷിയായി
ആ ചുവന്ന് തുടുത്ത
പനിനീര്പ്പൂവ്
പിറന്നത്
ആരോ പൊക്കിള്ക്കൊടി
അറുത്തപ്പോള്
ഒരുപാട് നൊന്തുവെന്നലും
സ്വാതന്ത്യം കിട്ടിയ
ആവേശത്തില്
നോവലിഞ്ഞു പോയി
തന്നെ കൈക്കലാക്കിയ
ചെറുക്കന്റെ
ചുംബനങ്ങളില്
കോരിത്തരിച്ചു
നാണിച്ചു നില്പ്പാണത്
കോളേജിന്റെ കവാടം
കടന്നപ്പോളവിടെ
ആ ഉദ്യാനത്തില്
തടവില് കിടന്ന
വിവിധ വര്ണപ്പൂക്കളെ
കണ്ണിറുക്കിക്കാട്ടി
നടപ്പാണു പാവം
ചെറുക്കനേതോ
സുന്ദരിയുടെ കൈകളിലേക്ക്
തന്നെ നീട്ടിയപ്പോള്
അതൊരു പുതിയ
അനുഭവം തന്നെയായിയതിന്
തണല്പന്തലിട്ട
മരങ്ങളും
വിടര്ന്ന പൂക്കളും
തേനൊഴുക്കിയ
പുഴകളും
ആരെയോ ഒളിഞ്ഞു നോക്കിയ
നിഴലുകളും
തളര്ന്നു തുടങ്ങിയ
സന്ധ്യാനേരത്ത്
ഇതളുകള് നഷ്ടപ്പെട്ട്
മരണം കാത്ത്
കിടപ്പിലാണാ
ചുവന്ന പനിനീര്പൂവ്

ഇന്നും മുറ്റത്ത്
വിരിഞ്ഞിട്ടുണ്ടൊരു
ചുവന്ന പനിനീര്പൂവ്
ജീവിച്ച് കൊതി തീരും മുമ്പ്
ഇതളുകളടര്ന്ന്
മരണത്തിലേക്ക്
രക്ഷപ്പെടാന്...

(സൈഫു ടി എം)
ഞാന്
*********
രണ്ട് ശൂന്യതള്ക്കിടയിലെ
വെറുമൊരു ഇടവേള
മാത്രമാണു ഞാനെന്കിലും
ഞാന് ഞാനൊരു
ഞാനാണെന്ന്
എന്റെ ഭാവം

എന്നെ താങ്ങിയ 
വേരുകള് ക്ഷയിച്ചു
കണ്ടിട്ടുമെനിക്കവയോട്
പുച്ഛം
ഞാനുയര്ത്തിയ തല
നിലം പതിച്ചിട്ടു പോലും
എന്റെ വേരുകളെ പഴിച്ചു
ഞാന്
ഇന്നില്ലാത്ത ഞാന്
നിലാവ് പെയ്ത നിഴല്പ്പാടുകളും
ഇറുകിയടര്ന്ന മഴനാളുകളും
കനല്ചൂടില് വെന്തുരുകുന്നു
പ്രണയതീവ്രതയുടെ
അളവുകോലുകള് കയ്യേന്തി
മുടന്തി നടക്കുന്നു
സ്വാതത്ര്യത്തിന് അതിരിടുന്നവര്
കാഴ്ചകളെ
സ്വയം ഭോഗം ചെയ്ത്
തളര്ന്ന ലിംഗവുമായി
സദാചാരം ചെണ്ട കൊട്ടുന്നു
വിലപേശി തോറ്റവര്
മാംസപ്പൊതികള് തട്ടിപ്പറിച്ചോടുന്നൂ
മാംസം
അഴുകിയ മാംസമാണെങ്ങും
(സൈഫ് മുഹമ്മദ്)
ഈയിടെ വലിയ സന്തോഷത്തിലാണല്ലോ..? കുഞ്ഞു കുട്ടികളെപ്പോലെ തുള്ളിച്ചാടുന്നു...
എന്താ പറ്റിയത് നിനക്ക്.?
അല്ല ശെരിയാണല്ലോ.? എന്ത് പറ്റി എനിക്ക്?
എന്തായാലും സന്തോഷം വര്മ്പോള് കുഞ്ഞാവുക... നല്ല കാര്യം....
പിന്നെ സങ്കടം... അത് നിശബ്ദമായ ആവേശമാണ്...
മനസ്സിലായില്ലെ? ഞാന് സങ്കടപ്പെടാറുമുണ്ട്...
നേരം ഇരുട്ടിത്തുടങ്ങിയാല് ചങ്കില് ആഞ്ഞൊരടി തന്ന് സങ്കടം എന്റെ തോളില് കടിക്കും... നല്ല സുഖമാണ് സങ്കടത്തിന്റെ കുഞ്ഞു പല്ലുകള് ശരീരം തൊടുമ്പോള്....
പണ്ട് നിന്നോട് സംസാരിച്ച രാവുകള്..
നിന്റെ ശബ്ദത്തിന്റെ ചൂടു പറ്റി...
നിന്റെ ചുംബനങ്ങളില് ഹൃദയം തുടിച്ച്...
നിന്റെ കൈകള്..
അവ പുഴകളും മരങ്ങളും തടവറയുമായിട്ടുണ്ടെനിക്ക്...
തടവറയെന്നാല് തെറ്റിദ്ധരിക്കണ്ട... അന്ന്
ഇഷ്ടങ്ങളായിരുന്നല്ലോ തടവറയിലെ കാവല്ക്കാര്....
അല്ല, ഇന്ന് നീയില്ലല്ലോ..?
എനിക്ക് കൂട്ട് തന്നാല് എന്റെ ജീവിതം തകരുമെന്ന ഭയമല്ലെ നിനക്ക്?
ഭയപ്പെടണ്ടാ.
നീ പറന്നേക്കുക..
പറന്ന് പറന്ന് ചിറക് തളരുമ്പോള് എന്റെ കൂട്ടില് മറ്റൊരു ഇണക്കിളിയില്ലെങ്കില്....?
നീ മടങ്ങി വന്നേക്കുക.. ആഞ്ഞൊന്നെന്റെ മുഖത്തടിക്കുക...
എന്റെ പ്രതിസന്ധിയുടെ തീവ്രത കുറക്കുക...
എന്നെ പ്രണയിക്കാന് വിടുക
വരൂ നമുക്കിവിടം വിട്ട് പോകാം... ഈ നിറങ്ങളില്ലാത്ത തടവറ നിനക്കും മടുത്തില്ലെ? നോക്കൂ ഞാനെന്റെ കാലിലെ ചങ്ങല അറുക്കുകയാണ്....
നിനക്കറിയില്ലെ ഇവിടെ കറുപ്പ് പോലുമില്ല.. ശൂന്യത, വെറും ശൂന്യത മാത്രം... അന്ന് ആകാശത്ത് പറന്ന് നടന്ന വര്ണങ്ങളുടെ പെരുമഴ കണ്ടപ്പോള് പറക്കാന് ശ്രമിച്ച് പരാജയപ്പെട്ടത് ഓര്ക്കുന്നില്ലെ..? നിന്റെ കാലിലും ചങ്ങലയുണ്ടെന്ന് അന്നാണ് ഞാന് അറിഞ്ഞത്? ഇത് കണ്ണുരുട്ടുന്ന കപടതയുടെ ലോകമാണ്.. അന്ന് ഞാന് നിനക്കൊരു ചെമ്പരത്തി സമ്മാനിച്ചത് സദാചാരവിരുദ്ധമെന്ന് പ്രഖ്യാപിച്ചവരുടെ ജനലഴി മുഴുവന് ശുക്ലം കണ്ടില്ലെ? അത് അവരുടെ ശുക്ലമാണെന്ന് സമ്മതിക്കാന് ഭയമായിരുന്നു അല്ലെ അവര്ക്ക്?
നമ്മടെ ഇതിഹാസം പറഞ്ഞ പോലെ അവരുടെ ചുണ്ടുകളില് തീട്ടമായിരുന്നു...
കപടന്മാര്
നമുക്ക് പോകാം...
നടന്ന് നടന്ന് തളരുമ്പോള് ആ മരത്തണലിലിരുന്ന് കാറ്റ് കൊള്ളാം....
നിറങ്ങളുടെ വിശാലമായ, കാലുകളില് ചങ്ങല വീഴാത്ത നാട്ടിലെത്താം.. നിനക്ക് കൊതി തീരുവോളം പറക്കാം, ഇഷ്ടമല്ലെ നിനക്കത്...?
നമുക്കൊന്നിച്ച് കതിരു നടാം.. കൊയ്യാം...
നമുക്കൊന്നിച്ച് പെറ്റ് കൂട്ടാം.. അങ്ങനെ നമ്മുടെ മക്കളും അവിടെ വളരട്ടെ.. ചിരിച്ച് കളിച്ച് പറന്ന്...
വരൂ..
നമുക്ക് കൈകോര്ത്ത് നടക്കാം...
കറുത്ത പൂക്കള്
*****************
ബദ്വാനിലെ വയലിടത്തില്
കൊഴിഞ്ഞ് വീണ പൂക്കളെ
നിങ്ങളെ തലോടാന്
നിയമവും നീതിയുമില്ല
അറിയുക നിങ്ങള്
കറുത്ത പൂക്കളാണ്
തലക്ക് മുകളില്
ആധിപത്യം
മുള്ച്ചെടിയായ്
പടര്ന്ന്
പന്തലിക്കുമ്പോള്
വിരിയുന്ന
ചുവന്ന പൂവാണ്
വിപ്ലവം
(സൈഫു)
ചിന്തകള്
ആകാശം തൊടുമ്പോള്
ഒപ്പം പറക്കാന്
ചിറക് മുളക്കണം
മനസ്സിനൊപ്പം
കാലുകളും
സ്വന്തന്ത്രമായ്
സഞ്ചരിക്കണം
മുള പൊട്ടുന്നു
കിനാവിന്റെ കനല് പാടത്ത്
ഞാന് വിതച്ച
കണ്ണീര് വിത്തുകള്
ഇരകള്
**********
അവനേറെ ഇഷ്ടമുള്ള
പുഴമീന് പിടിച്ച്
ചിറകുകള് മുറിച്ച്
കത്തി വരഞ്ഞ്
സ്നേഹത്തോടെ അവന്
വറുത്ത് കൊടുക്കുംപോഴും
അവളറിഞ്ഞിരുന്നില്ല
താനും ഇരയാണെന്ന്
സ്വപനങ്ങള്
തകര്ക്കപ്പെട്ട്
ചിറകുകള്
മുറിക്കപ്പെട്ട്
മേലാകെ കത്തി വരഞ്ഞ്
താനുമൊരു ദിവസം
പങ്ക് വെക്കപ്പെടുന്ന്
(സൈഫു ടി എം)
മരിച്ച് 
മണ്ണടിഞ്ഞാലും
എന്റെ സ്വപ്നങ്ങള്
മൈലാഞ്ചിചെടിയായ്
മുളച്ച് പൊന്തും
നിന്റെ കൈകള്ക്ക്
ചോരച്ചന്തം
ചാര്ത്താന്
മുഖമില്ലാത്ത
മുഖപുസ്തകത്തില്
വെറും സ്മൈലികളായി 
മാറുന്നോ നമ്മള്...?
പ്രണയം
**************
ഇരുകരകള്ക്കുമിടയില്
പുഴ പോലെയാണ്
പ്രണയം
വേനല് തളര്ച്ചയില്
മരണത്തോട് മല്ലിട്ട്
മഴദിനങ്ങളില്
കരകളെ ഭയപ്പെടുത്തി
ഒഴുകുമെങ്ങിലുമത്
മരിക്കാതിരിക്കട്ടെ
ആരെയും കൊല്ലാതിരിക്കട്ടെ
(സൈഫു ടി എം)
കരയോട് കൊഞ്ചിക്കുഴയും
ആകാശത്തെ ചുംബിക്കും
ഈ കടലൊരു കള്ളി തന്നെ
സുഖവും ദുഃഖവും
*****************
സ്വര്ഗത്തിനും
നരകത്തിനുമിടയില്
ഒരു പാലമുണ്ട് പ്രിയേ
ആ പാലത്തിന്റെ
കൈവരികളിലൊന്നില്
മേഘങ്ങള് മേല്ക്കൂരയാക്കി
നമുക്കൊരു കൂട് കൂട്ടാം
സ്വര്ഗസുഖങ്ങളോടും
നരകത്തിലെ ദുഃഖങ്ങളോടും
പങ്ക് ചേര്ന്ന് നില്ക്കാം
കരഞ്ഞ് തളരാനും
ചിരിച്ച് മയങ്ങാനും
ധര്യം കൈവിടാതിരിക്കാം
ആകാശത്തോളം ഉയര്ന്നും
ഭൂമിയോളം താഴ്ന്നും
നമുക്കങ്ങനെ
ജീവിക്കാന് പഠിക്കാം
(സൈഫു ടി എം)
പ്രതീക്ഷകള്
************
ഇല്ലായ്മകളുടെ നെരിപ്പോടില്
ചുട്ടെടുത്ത പ്രതീക്ഷകളും പേറി
കടല് കടന്നവര്
മരുഭൂമിയും പണിയിടങ്ങളും
പകര്ന്നു നല്കിയ
രോഗങ്ങളെ തലോടി
ഉമ്മറത്തെ ചാരുകസേരയിലിരുന്ന്
മരണത്തിലേക്ക് കണ്ണ് നടും
അകത്തെ മുറിയില്
ഫോണ് ചിലക്കുമ്പോള്
താന് ചോര വറ്റിച്ച്
വളര്ത്തിയവനു മുന്നില്
പ്രതീക്ഷകളുടെ
കെട്ടുകളഴിക്കുന്നത് കേട്ട്
കരച്ചിലൊതുക്കും
ജീവിതമങ്ങനെ
പണി തീരാത്ത
കെട്ടിടങ്ങള് പോലെ
ഓരോരുത്തര് വന്ന് ചുമര്
കെട്ടിപ്പൊക്കിക്കൊണ്ടേയിക്കും
എന്നിട്ടും പണി തീരാതങ്ങനെ
ചോദ്യച്ചിഹ്നമായി നില്ക്കും
അപ്പോഴും അകലെ
പ്രതീക്ഷകള്
മുളക്കുന്നുണ്ടാവും
(സൈഫു ടി എം)
ചായക്കടയിലെ ഒരു ടി വി സ്ക്രീന്... ബ്രസീലും ജര്മനിയും കൂടി 2002ലെ ഫൈനല് മല്സരം നടക്കുന്നു, ആര്പ്പുവിളികള്ക്കിടയിലേക്ക് എന്നെ കൈപിടിച്ച് കൊണ്ട് പോവുകയായിരുന്നു എന്റെ ഇക്ക അന്ന്... കാല്പന്ത് കളിയെന്തെന്നറിയാത്ത അന്ന് എന്റെ കണ്ണുകള് പലപ്പോഴും മഞ്ഞക്കുപ്പായക്കാരില് ഉടക്കി... ഒടുവിലത് വലിയ പ്രണയമായി മാറി... പെലെയേയുമ് റൊണാല്ഡോയേയും ഒരുപാടങ്ങ് സ്നേഹിച്ചു. പിന്നീട് 2006 ബോര്ഡിംഗ് ജീവിതത്തിനിടയില് കളി കാണാന് ഇരുട്ടില് മതില് ചാടിപ്പോയതും ഓര്മയില് മങ്ങാതെ കിടക്കുന്നു... സിദാന്റെ ഫ്രാന്സുമായി ബ്രസീല് തോറ്റപ്പോ സങ്കടം സഹിക്കാന് കഴിഞ്ഞില്ല... പിന്നീട് ഫ്രാന്സ് കപ്പെടുക്കണമെന്ന് കൊതിക്കാനെങ്ങനെ കഴിഞുവെന്നറിയില്ല... സെമിയും ഫൈനലും കാണാന് വീട്ടില് വരാന് വേണ്ടി കാല് ബെഞ്ചിലടിച്ച് എല്ല് ചിന്നിച്ചതും അങ്ങനെ ബോര്ഡിംഗില് നിന്ന് രക്ഷപ്പെട്ടതും മറക്കാന് കഴിയില്ല...
2010ല് ലോകകപ്പാവുമ്പോഴേക്കും ബോര്ഡിംഗില് നിന്ന് ചാടിപ്പോന്നു.. ബ്രസീല് തോറ്റപ്പോ കരഞ്ഞ് പോയി...
വ്യക്തിപരമായി ഈ ലോകകപ്പ് നികത്താനാവാത്ത നഷ്ടത്തിന്റേതാണ്..
കഴിഞ്ഞ ലോകകപ്പ് വരെ ഞങ്ങളോടൊപ്പം ഉറക്കം കളഞ്ഞ് കളികാണാനും എന്റെ ബ്രസീലിനെ കുറ്റം പറഞ്ഞ് എന്നെ ചൂടക്കാനും കൂടെയുണ്ടായിരുന്ന എന്റെ മാമന് കൂടെയില്ല.... സങ്കടത്തോടെയാണ് ഞാന് ബ്രസീല് കപ്പെടുക്കണമെന്ന് ആഗ്രഹിക്കുന്നത്.. അല്ലെങ്കില് എന്റെ മാമാക്ക് ഏറെ ഇഷ്ടമുള്ള ഫ്രാന്സ് കപ്പെടുക്കട്ടെ...
മരണമേ
ഈ ചങ്ങലകള് തകര്ത്ത് നീയെന്നെ 
സ്വന്തമാക്കണം
ഒറ്റപ്പെടലിന്റെ
സുഖമെനിക്ക് 
പകര്ന്ന് നല്കണം
മണ്ണിനെ തൊല്പ്പിച്ചെനിക്ക്
പുറം ലോകം കാണാന്
ഖബറിടത്തില് നീയൊരു
മുല്ലവള്ളിയായ് പടരണം
നിത്യവുമെനിക്ക് മുല്ലപ്പൂക്കളായ്
പുനര്ജനിക്കണം
സന്ധ്യയില് വാടിത്തളര്ന്ന്
വീണ്ടും വീണ്ടും നിന്റേതാവണം
തിരിച്ചറിവ്
************
ഈ ഇരുട്ടിനുമപ്പുറം
ഏതോ വിജനതയില്
നാം നഷ്ടപ്പെടുത്തിയ
കാഴ്ച്ചകള്
തിരിച്ചറിവ് നേടുന്നുണ്ട്
ആരും കാണാത്ത
വര്ണപ്പൂക്കളാള്
അലങ്കരിക്കപ്പെടുന്നു
വഴിയരികില് മരണം
വരിച്ച താഴ്വര
വരള്ച്ചയില്ലാത്തവിടെ
നാം ചിതയൊരുക്കിയ
മലകളും കുന്നുകളും
സ്വപ്നങ്ങളിലേക്ക്
എത്തി നോക്കുന്നു
നമ്മെ ശപിച്ചു തളര്ന്ന
പുഴ നിറഞ്ഞൊഴുകുന്നു
ജലചുംബനങ്ങളില്
നാണിച്ചോടിയിട്ടും
മിഴിയില് നിന്ന് മറയാതെ
വെട്ടി മാറ്റിയ കരങ്ങള്
നിലം പതിക്കും മുമ്പ്
നാം അറുത്ത് മാറ്റിയ
ഹരിതജീവനുകള്
നിത്യതതയിലേക്ക്
കണ്ണ് നടുന്നു
എങ്ങനെ നാം
തിരിച്ച് വിളിക്കണമീ
നഷ്ടങ്ങളെ..?
തിരിച്ചറിവില്ലെന്ന് നാം
കരുതിയ
കാഴ്ച്ചകള് നമ്മെ
തിരിച്ചറിഞ്ഞാലോ?
ഈ ചെയ്തികള്ക്ക്
പ്രതികാരം ചെയ്താലോ..?
(സൈഫു ടി എം)
കണ്ണുനീരിന്റെ
കൂട്ടുകാരീ
നമുക്കിടയിലീ
മതില്കെട്ട്
തീര്ത്തതാര്...?
അമ്മ തനിച്ചല്ല
**************
മകനേ
നിന്റെ തിരക്കുകള്ക്കിടയില്
അച്ഛന്
മടക്കമില്ലാ യാത്ര
പോയെങ്കിലും
നിന്റമ്മ തനിച്ചല്ല
പൂവാലിപ്പയ്യിനകിടില്
അമ്മ കയ്യമര്ത്തണം
ഇന്നിവിടെ പകലുണരാന്
കനലു വേവുന്ന
അടുപ്പില് ഉരുകുന്ന
തണല് മരങ്ങള്
ഉള്ളു നീറ്റുന്ന നേരം
കരിയും പുകയുമുണ്ട്
അമ്മക്ക് കാവലായി
മകനേ
നിന്റെ മുഷിഞ്ഞ
തുണികളുമായമ്മ
മല്ലിടുമ്പോഴും
മണ്ണിലമ്മയെ വരക്കാന്
ചുടു വെയില്
കരിക്കട്ടകള് പെറുക്കും
വെയില് ചിത്രം മായ്ക്കാന്
വിഫലശ്രമം നടത്തി
വിയര്പ്പുതുള്ളികള്
തളര്ന്നു വീഴും
ഒടുവിലീ രാവിലൊന്നു
മയങ്ങാന് നീറുന്ന
ഓര്മ്മകള് തന്
ചങ്ങാത്തമുണ്ടമ്മക്ക്
ഇരുട്ടും ഭയവും
അമ്മക്ക് മേല്ക്കൂര തീര്ക്കും
നിന്റമ്മ തനിച്ചല്ലെങ്കിലും
മകനേ
നിനക്ക് മേല്
നഷ്ടങ്ങള് തന്
പേമാരിയാണോര്ക്കുക
(സൈഫു ടി എം)
പരിഭവം
***********
പെരുമഴയില്
നനഞ്ഞ് തളര്ന്ന്
തലകുനിച്ച
വഴിമരങ്ങള്
വേനല് ചൂടില്
പരിഭവം മറന്ന്
വഴിത്തണലായ്
അണിഞ്ഞൊരുങ്ങാന്
മറന്നുവോ...?
പരിഭവിക്കുന്നു
കാഴ്ച്ചകള്ക്ക്
ലാഭക്കണക്കിടുന്ന
മനുഷ്യജന്മങ്ങള്
(സൈഫു ടി എം)
ഹല് വക്കൊതി
************
ഹല് വക്കൊതി
കണ്ണിലൊളിപ്പിച്ച
ആ കുഞ്ഞു നോട്ടം
ദൂരെ ഇരുട്ടില് തെളിയുന്ന
ടോര്ച്ച് വെട്ടത്തിലും
നീണ്ട ചുമയിലും
തട്ടിത്തടഞ്ഞ്
ഉടയാറുണ്ട് പണ്ട്
ചുമ നിലച്ചിട്ടും
നീളന് ടോര്ച്ച്
പൊടി പിടിച്ച്
പുരാവസ്തുവായിട്ടും
നനഞ്ഞ ഓര്മകളില്
ആ ഹല് വക്കൊതി
ഇടം പിടിക്കുന്നു
പലപ്പോഴും
(സൈഫു ടി എം)
ചങ്കില് നിന്ന്
മിഴികളിലേക്കുള്ള
ദൂരത്തിലെവിടെയോ
കണ്ണുനീര് മരിച്ച്
വീഴാറുണ്ട്
യാത്ര
*********
തിന്മകള്
കൊഴിഞ്ഞ് വീണ്
നന്മകള് 
പൂക്കുന്നൊരിടമുണ്ട്
ഇവിടെ നിന്ന്
ഈ മരണവും കടന്ന്
അവിടേക്കാണെന്റെ
യാത്ര
(സൈഫു ടി എം)
പലകുറി മായ്ച്ചിട്ടും
തിരുത്തി വരച്ചിട്ടും
വികൃതമാവുന്നു
വാര്ത്തകള്
ഒഴുകുന്ന ജീവിതങ്ങള്
************
ശങ്കരേട്ടന്റെ
പറമ്പിനോട് ചേര്ന്ന്
ഏതോ പുഴയിലേക്ക്
വഴി തേടി
തെക്കോട്ടൊഴുകുന്നൊരു
തോടുണ്ട്
നാട്ടിലെ ബാല്യങ്ങള്
കുളിച്ച് മദിച്ചും
നീന്തിത്തുടിച്ചും
മീന് പിടിച്ചും
ജീവിച്ച് തുടങ്ങുന്ന
തോട്
ഒഴിഞ്ഞ
ബ്രാണ്ടിക്കുപ്പികളും
പൊട്ടിയ ചട്ടിയും
കുപ്പിചില്ലുകളും
പഴകി ദ്രവിച്ച
അടിവസ്ത്രങ്ങളുമായി
ശങ്കരേട്ടന്റെ ജീവിതം
ഒഴുകിനടന്നിരുന്നു
തോട്ടില്
ഒടുവില് കാല് തെറ്റി
തോട്ടില് വീണ്
ഒഴുക്കില് പെട്ട
ശങ്കരേട്ടന്
തെക്കോട്ടൊഴുകിയിട്ട് പിന്നെ
മടങ്ങി വന്നതേയില്ല
ശങ്കരേട്ടനെ
വഴി കാട്ടിയ
തോടിന്ന് മരണത്തോട്
മല്ലിടുകയാണ്
ആരൊക്കെയോ വലിച്ചെറിയുന്ന
ജീവിതങ്ങളെ
ഒഴുക്കിത്തളര്ന്ന്
(സൈഫു ടി എം)
മാനത്തിന്റെ
തെളിഞ്ഞ ക്യാന്വാസില്
ചോര കൊണ്ട്
നീ വരച്ച
ഗുല്മോഹര് പൂക്കള്
പ്രണയത്തിന്റെ
വിപ്ലവത്തിന്റെ
അതിജീവനത്തിന്റെ
നൂറ് നൂറായിരം
ചിന്തകളുണര്ത്തുന്നു
കൊഴിഞ്ഞ് വീണ
മണ്ണിലും പുഞ്ചിരി തൂകുന്ന
രക്തസാക്ഷ്യത്തിന്റെ
നേര് ചിത്രങ്ങള്
(സൈഫു ടി എം)
എനിക്കീ ആകാശത്ത് സ്വതന്ത്രമായൊന്ന് പറക്കണം...
നൂല് പൊട്ടിയ പട്ടം പോലെ ചിന്തകള് അലഞ്ഞ് നടക്കുമ്പോഴെങ്ങനെ ഈ കൂട്ടിനുള്ളില് ഏകനായെന്നെ തളച്ചിടാന് കഴിയുമെനിക്ക്....?
ചുമരുകള് തകര്ക്കപ്പെടട്ടെ...
ചങ്ങലപ്പൂട്ടുകള് പൊളിക്കപ്പെടട്ടെ...
ആകാശം ഇനിയുമിനിയും വിശാലമാകട്ടെ...
ചിന്തകളേ
നീ പറന്നു കൊള്ക.. ഈ മഴയും മഞ്ഞും വേനലും കടന്ന്...
ദൂരെ ദൂരേക്ക്... കൂട്ടിന് ഞാനുമുണ്ട്...   
സുഖം
**********
നിന്റെ ഓര്മ്മകള്
മുള്പടര്പ്പുകള് പോലെന്
ഹൃദയത്തെ 
ചുറ്റി വരിഞ്ഞിട്ടും
ശവം തീനികളായെന്നെ
കൊത്തിപ്പറിച്ചിട്ടും
നോവുന്നില്ലെനിക്ക്
അല്പ്പം പോലും
നിന്റെ
ഓര്മ്മകളെങ്കിലുമെന്നെ
ചുറ്റിപ്പറ്റിയുണ്ടെന്ന
ചിന്തയാല് സ്വയം
മറന്ന് ജീവിക്കുന്നതില്പരം
മറ്റെന്ത്
സുഖമുണ്ടെനിക്ക്..?
വിശപ്പിന്റെ സൗന്ദര്യം
*************
വിശപ്പിന്റെ
തീവ്ര സൗന്ദര്യം രുചിച്ച ചുണ്ടുകള്
കൈകള് നീട്ടുന്നു
തെരുവുകളില്
കുന്നായിക്കിടക്കുന്ന
മാലിന്യങ്ങള്ക്കിടയില്
കയ്യിട്ട് വാരി വയറ് നിറക്കാന്
ഇരുട്ടിനെ കാത്തിരിക്കുന്ന
വിശപ്പിന്റെ കാമുകന്മാര്
മടിക്കുത്തഴിക്കാന്
പെണ്ണിനെ പ്രേരിപ്പിക്കുമാറ്
തീവ്രമാണ് പലപ്പോഴും
വിശപ്പിന്റെ അഗാധ പ്രണയം
നുരഞ്ഞ് കയറുന്ന
കാമക്കണ്ണുകള് തലോടുമ്പോഴും
കാമമല്ല എരിയുന്ന
വിശപ്പിനെയാണവള്
ഓര്ക്കുന്നത്
വിശപ്പില്ലാതെ
വിശപ്പിന് വേണ്ടി
മരുന്ന് കഴിക്കുന്നവര്ക്കെങ്ങനെ
വിശപ്പിനെ പ്രണയിക്കാന്
കഴിയും?
വിശപ്പിന്റെ സൗന്ദര്യം
ആസ്വദിക്കാന് കഴിയും?
(സൈഫു ടി എം)
നീ കരയാണ്
ഞാന് തിരയും
അടുത്തെങ്കിലും
ഒത്തിരി 
കടല്ദൂരമുണ്ട്
നമുക്കിടയില്
നീയില്ലാത്ത രാവുകള്
നിന്റെ ചുണ്ടുകള് പതിഞ്ഞിടത്ത്
ചുംബനങ്ങള് തിരഞ്ഞ് തിരഞ്ഞ്
നിന്റെ ശിരസ്സമര്ന്ന
നെഞ്ചില് കൈകള് കോര്ത്ത്
നിന്റെ കണ്ണുകളാഴ്ന്നിറങ്ങിയ
ഹൃദയം തുറന്ന് വെച്ച്
നീ കാതില് പറഞ്ഞ
രഹസ്യങ്ങള് ഓര്ത്തെടുത്ത്
നിന്നെ നഷ്ടമായ
ഇടവഴിയിലിനിയെത്ര നാള്

Wednesday, 30 April 2014

ഭ്രാന്ത്
***********
ചുണ്ടിലെ പാല്മണം
മാറാത്ത
പിഞ്ചുകുഞ്ഞിന്റെ
ശരീരവടിവില് ചിത്രം
വരക്കുന്ന കണ്ണുകള്
ഭ്രാന്തമായി
അലയുമ്പോള്
ഭ്രാന്തായി മുദ്ര
കുത്തപ്പെടുന്നു
ഒട്ടിയ വയറും
ദിശ തെറ്റിയ
ചിന്തകളും
ചുമരുകള്
 ***********
ചുമരുകള്ക്ക്
കഥ പറയാനുണ്ട്
പതിഞ്ഞ സ്വരത്തില്
കാമം അലിഞ്ഞ് ചേരുമ്പോള്
തലോലടലുകള്
ചൂട് പകരുന്ന
അരിഞ്ഞെറിയേണ്ട തലകളെ
വാളുകള് ഉന്നം വെക്കുന്ന
പുകച്ചുരുളുകള്
സൗഹൃദം തിരയുന്ന
ലഹരി നുരയുന്ന
പട്ടിണി മറക്കാന്
മാര്ഗം കാണുന്ന
ഏകാന്തതയുടെ
ഒത്തുചേരലിന്റെ
ആയിരമായിരം കഥകള്

(സൈഫു ടി എം)
രണ്ടും രണ്ടാണത്രേ
*****************
അധ്വാനിച്ച്
അന്നമൂട്ടിയ
അച്ഛന്റെ വിയര്പ്പുതുള്ളികളെ
വെറുപ്പോടെ നോക്കിനിന്നവന്

അമ്മയുടെ മുടിനാരുകള്
അറിയാതെയെപ്പഴോ
ചോറില് വീണതിനു
പാത്രമെറിഞ്ഞുടച്ചവന്

ഇന്നു കിടപ്പറയില്
അവളുടെ മുടിനാരുകളില്
വിയര്പ്പുതുള്ളികളില്
അലിഞ്ഞലിഞ്ഞ് ജീവിക്കുന്നു